2011 ഫെബ്രുവരി 22, ചൊവ്വാഴ്ച

തങ്ങന്മാരെ അപമാനിക്കുന്നവരും പരിഹസിക്കുന്നവരും ആരെല്ലാം?

നേതാക്കന്മാരുടെ സ്വയംകൃതാനര്‍ഥങ്ങളുടെ ഫലമായി മുസ്‌ലിംലീഗ് ഇന്ന് നേരിടുന്ന കടുത്ത പ്രതിസന്ധിയെ മറികടക്കാന്‍ ആ സംഘടന നടത്തുന്ന ശ്രമങ്ങള്‍ ദിനംദിനേ വിരൂപഹാസ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പാണക്കാട് തങ്ങന്മാരെ ആരൊക്കെയോ അപമാനിച്ചുവെന്നും അങ്ങനെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ് വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാണക്കാട്കുടുംബം തങ്ങള്‍ (സയ്യിദ്) കുടുംബമാണ്. സയ്യിദുകള്‍ പ്രവാചകപരമ്പരയില്‍ പെടുന്നവരാണ് എന്ന വിശ്വാസം  മുതലാക്കിയാണ് ലീഗ് എപ്പോഴും രാഷ്ട്രീയലാഭം കൊയ്യാറുള്ളത്. ലീഗിനെതിരെ രാഷ്ട്രീയവിമര്‍ശങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍, ങ്‌ഹേ, സയ്യിദന്മാരെ വിമര്‍ശിക്കുകയോ എന്ന മട്ടില്‍ പ്രചാരണം സൃഷ്ടിച്ച് അണികളെ കൂടെ നിര്‍ത്താന്‍ അത് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. പുതിയ പ്രതിസന്ധിയുടെ ഘട്ടത്തിലും സമാനമായ നമ്പറുകള്‍ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഭാര്യാ സഹോദരീ ഭര്‍ത്താവ് ചില കാര്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍, പാണക്കാട് തങ്ങന്മാരെ അപമാനിക്കാന്‍ അനുവദിക്കില്ല എന്ന പ്രസ്താവന മതസംഘടനകളെക്കൊണ്ട് ഇറക്കിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. തങ്ങന്മാരിലോ തങ്ങന്മാരുടെ ചികിത്സയിലോ അവരുടെ മഹത്വത്തിലോ ഒട്ടുമേ വിശ്വാസവും താല്‍പര്യവുമില്ലാത്ത മുജാഹിദ്ഗ്രൂപ്പുകളും ഈ പ്രസ്താവനയില്‍ ഒപ്പുവെച്ചുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. രാഷ്ട്രീയമായ ഒരാവശ്യത്തിന് തൗഹീദ് വിട്ടു കളിക്കുന്നതില്‍ അവര്‍ക്ക് ഒരു മനഃപ്രയാസവും തോന്നിയില്ല.
പ്രവാചകനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മുസ്‌ലിംസമൂഹം കാണിക്കുന്ന അനുരാഗം സുവിദിതമാണ്. മുസ്‌ലിം സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണത്. സയ്യിദന്മാര്‍ എന്ന തങ്ങന്മാര്‍ പ്രവാചക കുടുംബത്തിന്റെ തുടര്‍ച്ചയാണെങ്കില്‍ അവരോടുള്ള ആദരം തീര്‍ച്ചയായും മനസ്സിലാക്കപ്പെടുന്നതാണ്. എന്നാല്‍, സയ്യിദന്മാരോടുള്ള സ്‌നേഹവും ആദരവും അവര്‍ മുസ്‌ലിം ലീഗിനോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമേ പാടുള്ളൂ എന്നതാണ് ലീഗ് നിലപാട്. സയ്യിദന്മാരോടല്ല; ലീഗ് സയ്യിദന്മാരോട് മാത്രമാണ് അവരുടെ കമ്പം എന്നതിന് ചരിത്രവും സമകാലിക അനുഭവങ്ങളും സാക്ഷിയാണ്.
സ്വാമി അസിമാനന്ദയുടെയും സഹ ആര്‍.എസ്.എസ് ഭീകരന്മാരുടെയും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണ പരമ്പരകള്‍ സൃഷ്ടിക്കപ്പെടുകയും നിരപരാധികളായ നൂറുകണക്കിന് മനുഷ്യര്‍ പച്ചക്ക് വെന്തുചാമ്പലാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതെല്ലാം സയ്യിദ് മൗദൂദി എന്നയാളുടെ പുസ്തകം വായിച്ച് അദ്ദേഹത്തിന്റെ ആളുകള്‍ ചെയ്യുന്നതാണ് എന്നായിരുന്നു ലീഗ് കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇന്ത്യയിലെ ഉത്തരവാദപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനം എന്ന നിലക്ക് ഭീകരതയുടെ യഥാര്‍ഥ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനുള്ള ബാധ്യത ലീഗിനുണ്ടായിരുന്നു. അതിനുള്ള ധീരത അവര്‍ക്ക് എന്നേ നഷ്ടപ്പെട്ടതുകൊണ്ട് നാമത് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ അത് ചെയ്തില്ല എന്ന് മാത്രമല്ല, സയ്യിദ് വംശത്തില്‍പെട്ട ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ പേരില്‍ ഈ ഭീകരാക്രമണങ്ങളുടെയെല്ലാം പാപഭാരം കെട്ടിയേല്‍പിക്കുന്ന നെറികെട്ട പ്രചാരണം നടത്തുകയായിരുന്നു അവര്‍. എവിടെ സത്യസന്ധത? എവിടെ സയ്യിദന്മാരോടുള്ള ആദരവ്?
എം.കെ മുനീറിനെതിരായ കേസുകള്‍ ലീഗുകാര്‍ പിരിവെടുത്ത് നേരിടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഈയിടെ എവിടെയോ പ്രസംഗിച്ചതായി പത്രത്തില്‍ വായിച്ചു. നല്ല കാര്യം തന്നെ. പക്ഷേ, മുനീറിനെതിരായ കേസുകളില്‍ പ്രധാനപ്പെട്ട ഒരു കേസ്, ലീഗിന്റെ സംസ്ഥാന അധ്യക്ഷനും പാണക്കാട് സയ്യിദ് കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരുമായ ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ സയ്യിദ് ഹസീബ് സഖാഫ് കൊടുത്ത വണ്ടിച്ചെക്ക് കേസ് ആണെന്ന കാര്യം ബഷീര്‍ മറന്നു പോയോ? തങ്ങള്‍ കുടുംബത്തിലെ ഒരംഗത്തെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ച ഒരാള്‍ ലീഗ് നേതൃത്വത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് തങ്ങള്‍സംരക്ഷണ പ്രസ്താവനയിറക്കിയവര്‍ എന്താണ് പറയുക? ഇത്രയും മോശമായി തങ്ങള്‍ കുടുംബത്തോട് ലീഗിനു പുറത്തുള്ള ആരെങ്കിലും പെരുമാറിയിട്ടുണ്ടോ? മുനീറിന്റെ പ്രവൃത്തി തങ്ങള്‍ കുടുംബത്തെ അപമാനിക്കുന്ന ഗണത്തില്‍ പെടില്ലേ? അങ്ങനെയൊരാളുടെ കേസ് എങ്ങനെയാണ് ലീഗുകാര്‍ പിരിവെടുത്ത് പ്രതിരോധിക്കുക?
'തലശ്ശേരി ചെറിയ മമ്മുക്കേയിയുടെ നഗരമാണ്. നഗരത്തിന് മുകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു മേലാപ്പുപോലെ വീണുകിടന്നു. മഹാനായ ഈ ലീഗ് നേതാവിന് സീതിസാഹിബിന്റെ ബുദ്ധിയും ചെറിയ പഠിപ്പുമാണെന്ന് നാട്ടുകാര്‍ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം അസാമാന്യമായ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് പ്രകടിപ്പിച്ചു. രാജാജിയെപ്പോലെ അസാധാരണമായ ഒരു വ്യക്തിത്വമായിരുന്നു അത്'-ലീഗ് നേതാവായിരുന്ന സി.കെ.പി ചെറിയ മമ്മുക്കേയിയെക്കുറിച്ച് ഇടതുപക്ഷ സൈദ്ധാന്തികനായ എം.എന്‍ വിജയന്‍ മാഷ് എഴുതിയതാണിത്. ഈ മഹാനായ മനുഷ്യനെ, ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ കൂടി പങ്കാളിയായ മന്ത്രിസഭ കേരളം ഭരിക്കുന്ന നാളില്‍ അറസ്റ്റ് ചെയ്തു; ഒപ്പം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും. ചെറിയ മമ്മുക്കേയി എന്ന കൂലീനനെയും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ അനന്തരവനായ ഉമര്‍ ബാഫഖി തങ്ങളെയും ജയിലിലടച്ച് സുഖഭരണം നടത്തുമ്പോള്‍ ലീഗ്‌നേതാക്കള്‍ നാട്ടില്‍ പ്രസംഗിച്ചു നടന്നു: 'ഞങ്ങള്‍ സെക്രട്ടേറിയറ്റിലിരുന്ന് നാട് ഭരിക്കുമ്പോള്‍ വിമതന്മാര്‍ സെന്‍ട്രല്‍ജയിലിലിരുന്ന് ഗോതമ്പ്കഞ്ഞി കുടിക്കുകയാണ്'. 18 മാസത്തെ ക്ലേശപൂര്‍ണമായ തടവറജീവിതത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ പരോള്‍ ലഭിച്ച മമ്മുക്കേയി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടു. അവിടെ അദ്ദേഹത്തെ കാണാന്‍ വന്ന ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മമ്മുക്കേയിയുടെ കരം ഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: 'എന്നെ വിശ്വസിക്കുക. ഈ തടവിന് ഞാനുത്തരവാദിയല്ല. താങ്കളുടെ പഴയ സഹപ്രവര്‍ത്തകരുടെ നിരന്തര നിര്‍ബന്ധം കൊണ്ടാണ് ഞാനിത് സമ്മതിച്ചത്'. ഓര്‍ക്കുക; മമ്മുക്കേയിയെയും കേരളത്തിലെ അന്നത്തെ ഏറ്റവും പ്രഗല്ഭമായ സയ്യിദ് കുടുംബത്തിലെ അംഗമായ ഉമര്‍ ബാഫഖി തങ്ങളെയും തടവിലിടാന്‍ കെ.കരുണാകരനെപ്പോലും സമ്മര്‍ദത്തിലാക്കിയ ചരിത്രം ആരുടേതാണ്? തങ്ങള്‍നിന്ദയുടെ പാരമ്പര്യം ആര്‍ക്കാണെന്ന കാര്യം ആര് മറന്നാലും ഇ.ടി മുഹമ്മദ് ബഷീര്‍ മറക്കാന്‍ പാടില്ല.
മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്. രാഷ്ട്രീയകാര്യങ്ങളെ രാഷ്ട്രീയമായി കാണാന്‍ അതിന് കഴിയണം. രാഷ്ട്രീയപ്രതിസന്ധികളില്‍ പെടുമ്പോള്‍ മതവികാരവും തങ്ങള്‍ വികാരവും ഇളക്കിവിട്ട് വിശ്വാസികളെ പറ്റിച്ച് രക്ഷപ്പെടാമെന്ന് ലീഗ് വിചാരിക്കരുത്. അങ്ങനെ ശ്രമിക്കുമ്പോള്‍ ചരിത്രം തിരിഞ്ഞുകൊത്തും. ശിഹാബ് തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് അദ്ദേഹത്തിന്റെ പഴയ ആത്മമിത്രം പറയുമ്പോള്‍ അത് തങ്ങള്‍നിന്ദയല്ല. വേറെയാളുകള്‍ തങ്ങള്‍നിന്ദ നടത്തിയതിനെക്കുറിച്ചുള്ള സൂചനയാണ്. അത് കണ്ടെത്തുകയും നടപടിയെടുക്കുകയുമാണ് യഥാര്‍ഥ തങ്ങള്‍സ്‌നേഹികള്‍ ചെയ്യേണ്ടത്. അല്ലാതെ വൈകാരിക ബഹളങ്ങള്‍ സൃഷ്ടിക്കുകയല്ല. കാരണം, അതിനി പണ്ടേ പോലെ ഫലിക്കില്ല. മുസ്‌ലിംലോകത്ത് വിഗ്രഹങ്ങള്‍ വീണുടയുന്ന കാലമാണിത്. നമ്മുടെ നാട്ടില്‍ മാത്രം അത് ആവര്‍ത്തിക്കില്ലെന്ന് സമാധാനിക്കുന്നത് യുക്തിസഹമല്ലല്ലോ.
സുപ്രീം കോടതിക്കു പോലും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെയും തര്‍ക്കങ്ങളെയും രമ്യതയില്‍ പരിഹരിക്കുന്ന ആത്മീയ കോടതിയാണ് പാണക്കാട് തറവാട് എന്നാണ് ലീഗുകാര്‍ അഭിമാനം പറയാറുള്ളത്. അങ്ങനെയൊന്നുണ്ടെങ്കില്‍ നല്ല കാര്യം തന്നെ. അതേസമയം, പാര്‍ട്ടിക്കാരായ രണ്ട് സഹോദരീ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ-കുഞ്ഞാലിക്കുട്ടിക്കും റഊഫിനുമിടയിലെ- പങ്ക്‌വെപ്പ് തര്‍ക്കം അവിടെ വെച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ പറഞ്ഞുതീര്‍ത്തിരുന്നെങ്കില്‍ ലീഗ് ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്നുതന്നെ അത് രക്ഷപ്പെട്ടേനെ. എന്തു തോന്നുന്നു?

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

കുഞ്ഞാലിക്കുട്ടി വിരുദ്ധ കലാപത്തിന് മുനവ്വറലി നേതൃത്വം നല്‍കും


മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കലാപത്തിന് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി തങ്ങള്‍ നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി നിലവില്‍ അകപ്പെട്ട സാഹചര്യത്തില്‍ മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പാര്‍ട്ടിയെ ഒന്നടങ്കം ബലി നല്‍കേണ്ടതില്ലെന്ന നിലപാടിലാണിവര്‍.
പാര്‍ട്ടിക്കുള്ളില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന എം.കെ മുനീര്‍ അശക്തനാണെന്നതാണ് ഈ നീക്കം ഇത്രയും കാലം വിജയിക്കാതെ പോയതിന് കാരണം. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഇത്രയും കാലം സജീവമായി ഇടപെടാതിരുന്ന മുനവ്വറലി തങ്ങള്‍ എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏറെ ആശങ്കാകുലനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വിവാദം വരുന്നതിന് മുമ്പ് തന്നെ മുനവ്വറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയിലായിരുന്നു.
പാണക്കാട് ശിഹാബ് തങ്ങളുടെ മരണ ശേഷം മുനവ്വറലിയെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടാന്‍ മുനീറിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളുടെ അനുജനും മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റ് മാത്രവുമായിമായിരുന്ന ഹൈദരലി തങ്ങളെ പ്രസിഡന്റാക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഹൈദരലി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കാരണമാണ്.
മുനവ്വറലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രസ്താവനക്കൊരുങ്ങി
തങ്ങളുമായി ബന്ധപ്പെട്ട് റഊഫ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനവ്വറലി തങ്ങള്‍ പരസ്യപ്രസ്താവന നടത്താനൊരുങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദും സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും ഇടപെട്ടാണ് മുനവ്വറലിയെ അനുനയിപ്പിച്ചത്. മുനവ്വറലി തങ്ങള്‍ ഇത്തരത്തില്‍ പരസ്യമായി രംഗത്ത് വന്നാല്‍ ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം ശക്തരാകുമെന്നും അതോടെ തന്റെ നില പരുങ്ങലിലാകുമെന്നും കണ്ട് ജനറല്‍ സെക്രട്ടറി മുന്‍ കയ്യെടുത്താണ് ഇത് തടഞ്ഞത്.
കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് റഊഫ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. തങ്ങളുമായി ബന്ധപ്പെടുത്തി ഗുരുതരമായ വെളിപ്പെടുത്തലാണ് റഊഫ് ഇനി നടത്താനിരിക്കുന്നത്. ഇതിനിടെ ലീഗുമായി ഒട്ടി നില്‍ക്കുന്ന ഇ.കെ വിഭാഗം സമസ്ത നേതാക്കളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ റഊഫ് നീക്കം നടത്തുന്നുണ്ട്. ഇത് വിജയിച്ചില്ലെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി കാര്യങ്ങള്‍ വിശദീകരിക്കും.
കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്ന വിവരം തങ്ങളുടെ ഒരു മകന് അറിയമായിരുന്നുവെന്ന് റഊഫ് പറഞ്ഞത് മുനവ്വറലി തങ്ങളെ ഉദ്ദേശിച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടാന്‍ ലീഗിലെ രാഷ്ട്രീയ സ്ഥിതി ആകെ മാറ്റി മറിക്കുന്ന രീതിയില്‍ മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ ഇടപെടലുണ്ടാവുമെന്നാണ് സൂചന.
ശിഹാബ് തങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്ന മകനാണ് മുവ്വറലി. തങ്ങളോടൊപ്പം കൂടുതല്‍ സമയവും ഉണ്ടായിരുന്നതും മുനവ്വറലിയാണ്. കൂടാതെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ പോയി അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്തു. തന്നെ വധിക്കാന്‍ റഊഫ് ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയതോടെ ആരംഭിച്ച പുതിയ വിവാദത്തോടെ ലീഗിന് തലയുയര്‍ത്താന്‍ വയ്യാതായി എന്നാണ് മുനവ്വറലിതങ്ങളുടെ നിലപാടെന്നാണ് സൂചന.
കുഞ്ഞാലിക്കുട്ടിക്കെതിരെ തങ്ങള്‍ കുടുംബത്തില്‍നിന്ന് ആരെങ്കിലും രംഗത്തുവന്നാല്‍ അത് മറുചേരിക്ക ശക്തി നല്‍കും. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം ഇവരോടൊപ്പം നില്‍ക്കുകയും ചെയ്യും. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ നില പരുങ്ങലിലായാല്‍ വന്‍പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് മുനവ്വറലിതങ്ങള്‍ നേതൃത്വം നല്‍കുമെന്നാണ് വ്യക്തമായ വിവരം.
പാര്‍ട്ടിയിലെ ശാക്തിക ചേരി
തന്റെ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനങ്ങളുടെ വലയത്തില്‍ മുസ്‌ലിം ലീഗിനെ കെട്ടിയിടുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തതെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ഐസ്‌ക്രീം കേസ് ഉള്‍പ്പെടെയുള്ള പെണ്‍വാണിഭക്കേസുകള്‍ തന്നെ വന്‍ കള്ളക്കടുത്തകളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉപോല്‍പന്നമാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിയമവിരുദ്ധമായി കാര്യങ്ങള്‍ നേടാന്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കപ്പെടുകയായിരുന്നു ചെയ്തത്.
കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് മുമ്പില്‍ നേതാക്കള്‍ നിശ്ശബ്ദരാകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നേരത്തെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിവാദമായപ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയ കുഞ്ഞാലിക്കുട്ടി പിന്നീട് ശക്തനായി തിരിച്ചുവരികയായിരുന്നു. പാര്‍ട്ടികള്‍ക്കതീതമായി കുഞ്ഞാലിക്കുട്ടിക്കുള്ള ഈ ബന്ധമാണ് നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തെ രക്ഷപ്പെടുന്ന സ്ഥിതിയിലേക്ക് കേസ് അട്ടിമറിക്കപ്പെട്ടത്.
കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തായിരുന്നു ഇ.അഹമ്മദെങ്കിലും അത് വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ മാത്രമായിരുന്നു. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വെക്കുന്ന രീതിയുടെ പ്രയോക്താവാണ് ഇ. അഹമ്മദും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിലപാടും പാരമ്പര്യവുമുള്ള നേതാവായ ഇ.ടി മുഹമ്മദ് ബഷീര്‍ പോലും കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ് കാണാനായത്.
യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഷാജി കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്താണ്. എല്ലാ വിഷയത്തിലും ശക്തമായി ഇടപെടാറുള്ള ഷാജി പക്ഷെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഇതുവരെ കാര്യമായി രംഗത്ത് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നീക്കത്തിന് മുനവ്വറലി തങ്ങള്‍ നേതൃത്വം നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ നശ്ശബ്ദരായി നില്‍ക്കുന്നവരും മറുചേരിയിലെ സജീവ പ്രവര്‍ത്തകരും പാര്‍ട്ടി സെക്രട്ടറിക്കെതിരെ രംഗത്ത് വരുമെന്നാണ് കരുതപ്പെടുന്നത്

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഇസ്‌ലാമിക് ബാങ്കും കമ്യൂണിസ്റ്റ് മന്ത്രിസഭയും

സി. ദാവൂദ് (മാധ്യമം)
അല്‍ബറക എന്ന പേരില്‍ ഒരു പലിശരഹിത നിക്ഷേപ സംരംഭം തുടങ്ങാനുള്ള കേരള സര്‍ക്കാറിന്റെ നീക്കം നിയമ നടപടികളടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് യാഥാര്‍ഥ്യമായിരിക്കുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യം പരമ്പരാഗത ബാങ്കുകളെ പിടിച്ചുലക്കുകയും ദീര്‍ഘ പാരമ്പര്യമുള്ള പല ബാങ്കുകളെയും തകര്‍ക്കുകയും ചെയ്തപ്പോള്‍ ലോകത്തെങ്ങും ഇസ്‌ലാമിക് ബാങ്കുകള്‍ പിടിച്ചു നിന്നുവെന്ന് മാത്രമല്ല, മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തുവെന്നത് സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിച്ചിട്ടുണ്ട്. ശരീഅത്ത് അധിഷ്ഠിത ധനവിനിമയങ്ങള്‍ സാധ്യമാക്കുന്ന ഇസ്‌ലാമിക് ബാങ്കുകള്‍ മുസ്‌ലിംകള്‍ക്ക് മാത്രമുള്ള എന്തോ ഏര്‍പ്പാടാണെന്ന തെറ്റിദ്ധാരണ നമ്മുടെ നാട്ടിലുണ്ട്. അത്തരമൊരു ധാരണ പരത്തുന്നതില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഓവര്‍ടൈം ജോലിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, യു.കെ, യു.എസ്, സിംഗപ്പൂര്‍ തുടങ്ങിയ മുസ്‌ലിമിതര രാജ്യങ്ങളിലാണ് ഇസ്‌ലാമിക് ബാങ്കുകള്‍ ഏറ്റവും ശക്തിയായി മുന്നേറുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സകലമാന (ഇസ്‌ലാമിക) മതചിഹ്നങ്ങളെയും പൊതുസമൂഹത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ ദൃഢപ്രതിജ്ഞയെടുത്ത ഫ്രഞ്ച് ഭരണകൂടം പോലും ഇസ്‌ലാമിക് ഫിനാന്‍സിനെ ആ ഇനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്തമായൊരു ധനകാര്യ മാനേജ്‌മെന്റ് കാഴ്ചവെക്കാനുള്ള ഇസ്‌ലാമിക് ഫിനാന്‍സിന്റെ ശേഷിയെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
ഇസ്‌ലാമിക് ബാങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ അതിനെ തകര്‍ക്കാന്‍ കേരളത്തില്‍ പലരും  ശ്രമിച്ചിരുന്നു. കേരളത്തിലുള്ളവര്‍ക്ക് വീര്യം പോരെന്ന് കരുതിയായിരിക്കണം, മുരത്ത  തീവ്ര ഹിന്ദുത്വവാദിയായ ഡോ. സുബ്രഹ്മണ്യം സ്വാമിയെത്തന്നെ ഇപ്പണിക്ക് ഇവിടെ ഇറക്കുമതി ചെയ്തത്. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തോടെയും അവധാനതയോടെയും കാര്യങ്ങള്‍ മുന്നോട്ട് നീക്കിയ സംസ്ഥാന ഭരണകൂടം അതില്‍ സുപ്രധാനമായ ഒരു കടമ്പ കടന്നു കഴിഞ്ഞിരിക്കുന്നു. വ്യവസായ മന്ത്രി എളമരം കരീം, ധനമന്ത്രി ഡോ. തോമസ് ഐസക്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് ഇകണോമിക്‌സിന്റെ തലവന്‍ എച്ച്. അബ്ദുറഖീബ് എന്നിവരുടെ ഈ വിഷയത്തിലെ ശ്രമങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനീയമാണ്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് സംഭവങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം കേരളത്തില്‍ ധാരാളമായിരുന്നു. കുറ്റിപ്പുറം, കോലൊളമ്പ്, നാദാപുരം, മുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന നിക്ഷേപത്തട്ടിപ്പ് സംഭവങ്ങള്‍ മാത്രം കോടിക്കണക്കിന് രൂപയുടേതായിരുന്നു. ഈ സംഭവങ്ങളിലെല്ലാം പണം നഷ്ടപ്പെട്ടവര്‍ പ്രവാസികളായ മലയാളികളായിരുന്നുവെന്ന് കാണാം. ഗള്‍ഫില്‍ പോയി അധ്വാനിച്ച് നേടുന്ന പണം ഉല്‍പാദനക്ഷമമായ മേഖലയില്‍ മുടക്കാന്‍ വേണ്ടി സന്നദ്ധരായ ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍, വിശ്വാസയോഗ്യവും പ്രവര്‍ത്തന ക്ഷമതയുമുള്ള നിക്ഷേപ സംരംഭങ്ങള്‍ ഇല്ലെന്നതാണ് വാസ്തവം. അങ്ങനെയാണ് ആരുടെയെങ്കിലും മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി കോടിക്കണക്കിന് രൂപ വ്യാജ 'വ്യവസായി'കളെ വിശ്വാസപൂര്‍വം ഏല്‍പിക്കുകയും ഭീകരമായ തട്ടിപ്പിന് വിധേയമാവുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായത്. കൈയില്‍ പണമുണ്ട്, എന്നാല്‍ പലിശാധിഷ്ഠിത ബാങ്കുകളിലോ നിക്ഷേപ സംരംഭങ്ങളിലോ നിക്ഷേപിക്കാന്‍ മതപരമായ തടസ്സവും നിലനില്‍ക്കുന്നു; ഈ അവസ്ഥയെയാണ് തട്ടിപ്പ് സംരംഭകര്‍ ചൂഷണം ചെയ്യുന്നത്. നിക്ഷേപിക്കാന്‍ തയാറായ പ്രവാസികളെ മുന്നില്‍ക്കണ്ടാണ് അല്‍ ബറക പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. വിശ്വാസ്യതയും മികച്ച സംരംഭക ശേഷിയും പ്രകടിപ്പിക്കുകയാണെങ്കില്‍ അല്‍ബറകക്ക് വന്‍കുതിപ്പ് നടത്താന്‍ കഴിയുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. പണം കൈയിലുള്ളവര്‍ക്ക് മതം നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ മികച്ച നിക്ഷേപത്തിന് അവസരം ലഭിക്കുന്നുവെന്ന് മാത്രമല്ല; കേരളത്തിന്റെ അടിസ്ഥാന വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും പണം കണ്ടെത്താന്‍ കഴിയുന്നുവെന്നത് കൂടിയാണ് അല്‍ബറകയുടെ പ്രത്യേകത. ആ അര്‍ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലായി ഈ സംരംഭത്തെ കാണാന്‍ കഴിയും. ചൂഷണരഹിതമായ മഹത്തായൊരു സാമ്പത്തിക പ്രയോഗത്തിന്റെ പ്രയോഗവത്കരണത്തിലെ ചെറിയൊരു ചുവടായി ഇതിനെ തീര്‍ച്ചയായും കാണാന്‍ കഴിയും.
ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നുവെന്നതാണ് ഇതിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കുന്നത്. സ്വന്തമായി ഒരു സാമ്പത്തിക ശാസ്ത്രം വെച്ചുപുലര്‍ത്തുന്ന കമ്യൂണിസ്റ്റുകള്‍ അവര്‍ പൊതുവെ അലര്‍ജിയോടെ മാത്രം കാണുന്ന ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള ഒരു ധനകാര്യ സ്ഥാപനത്തിന് രൂപം നല്‍കുന്നത് ഒരു സൈദ്ധാന്തിക കൗതുകം തന്നെയാണ്. സൈദ്ധാന്തിക പിടിവാശി ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം കാണിച്ചില്ല എന്നതിന് അവരെ തീര്‍ച്ചയായും അഭിനന്ദിക്കണം.
മുസ്‌ലിംലീഗ് എന്ന ഒരു സംഘടന ദീര്‍ഘകാലം ഭരണപക്ഷത്തുണ്ടായിരുന്ന ഒരു സംസ്ഥാനത്താണ് കമ്യൂണിസ്റ്റുകള്‍ ഈ വിധം ഗോളടിച്ചതെന്നത് ഇതിലെ മറ്റൊരു രാഷ്ട്രീയ കൗതുകം. മുസ്‌ലിംലീഗ് ഭാഷാ പഠനത്തിന്റെയും മറ്റും പേരുപറഞ്ഞ് എല്‍.ഡി.എഫ് ഭരണത്തിനെതിരെ മുസ്‌ലിം രോഷം സൃഷ്ടിക്കാന്‍ എത്രമേല്‍ ശ്രമിച്ചാലും ഈ ഒരൊറ്റക്കാര്യം മതി, ലീഗ് വിമര്‍ശങ്ങളുടെ മുനയൊടിക്കാന്‍. 24 വര്‍ഷം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് മലപ്പുറം ജില്ലയാണെന്ന വസ്തുത അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്ലസ്ടു ബാച്ചുകളും സീറ്റുകളും സ്‌കൂളുകളും വ്യാപകമായി അനുവദിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ഒരുപടി നേരത്തേ മുന്നേറിയിരുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ തുടങ്ങി തൊട്ടടുത്ത എല്ലാ ജില്ലകളിലും ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജുകള്‍ ഉള്ളപ്പോള്‍ മുസ്‌ലിംലീഗിന്റെ സ്വന്തം തട്ടകമായ മലപ്പുറത്ത് അങ്ങനെയൊന്ന് തുടങ്ങാന്‍ ഇക്കാലമത്രയായിട്ടും അവര്‍ക്കായിട്ടില്ല. എന്തിന്, പെരുന്നാളിന് രണ്ട് ദിവസത്തെ അവധിയെന്ന എം.എസ്.എഫുകാരുടെയും കെ.എസ്.ടി.യുക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യത്തെപ്പോലും പരിഗണിക്കാന്‍ ലീഗ് അധികാരത്തിലിരുന്നപ്പോള്‍ സാധിച്ചില്ല. ലോകത്തൊരിടത്തും സംസാരത്തിലില്ലാത്ത സംസ്‌കൃത ഭാഷക്ക് സര്‍വകലാശാല തുടങ്ങിയ ലീഗ് മന്ത്രിക്ക് പക്ഷേ, ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന അറബി ഭാഷക്ക് ഒരു യൂനിവേഴ്‌സിറ്റി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിച്ചില്ല. മലപ്പുറത്തെ വിദ്യാഭ്യാസ വിവേചനത്തെക്കുറിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്ന ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളെക്കറിച്ച് മലബാറിലെ പുതിയ തലമുറ ഇപ്പോള്‍ ഗൗരവത്തില്‍ ആലോചിക്കുന്നുണ്ട്.
അങ്ങനെ ഒരു തിരിച്ചറിവിലേക്ക് മുസ്‌ലിംകള്‍ നീങ്ങുമ്പോള്‍ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമായി ലീഗിന് പോംവഴി. മലപ്പുറം ജില്ലാ രൂപവത്കരണം, കലിക്കറ്റ് യൂനിവേഴ്‌സിറ്റി, സംവരണം, അറബി അധ്യാപകരെ സ്ഥിരപ്പെടുത്തിയത്, ആരാധനാലയ സ്ഥാപന സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചത് തുടങ്ങിയ തങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ലീഗ് ഇപ്പോള്‍. പക്ഷേ, എണ്ണം പറഞ്ഞ ഈ നേട്ടങ്ങള്‍ എല്ലാം നേടിയത്, ലീഗ് സി.പി.എമ്മുമായി സഖ്യത്തിലായിരിക്കുമ്പോഴാണ് എന്ന കാര്യം സി.പി.എം പ്രചാരണയാധുമാക്കുന്നു. സവര്‍ണ സംഘടനകളുടെ അമ്മിക്കടിയില്‍ വാലുവെച്ച കോണ്‍ഗ്രസ്, മുസ്‌ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളെ എന്നും അവഗണിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന തിക്ത സത്യമാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. ഈ സവര്‍ണ ആധിപത്യത്തെ ചോദ്യം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ലീഗിനുണ്ടായില്ല. അതിനുമപ്പുറം, നേതാക്കളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ മുഖ്യലക്ഷ്യമാക്കിയത് കാരണമാണ് ഈ ഇച്ഛാശക്തി നഷ്ടപ്പെട്ടത് എന്നതും ഇന്ന് നാം തിരിച്ചറിയുന്നു.
അലീഗഢ് യൂനിവേഴ്‌സിറ്റി കാമ്പസ്, ഇസ്‌ലാമിക് ബാങ്ക്, മലബാറിലെ വിദ്യാഭ്യാസ വിവേചനം ഇല്ലാതാക്കാന്‍ നടത്തിയ നടപടികള്‍ എന്നിവ മുന്നില്‍ വെച്ച് മുസ്‌ലിം സമുദായവുമായി സംസാരിക്കാന്‍ ഇടതുപക്ഷത്തിന് ഇന്ന് കഴിയുന്നു. സംസ്ഥാന നേതാക്കള്‍ മന്ത്രിമാരെപ്പോലെയും പ്രാദേശിക നേതാക്കള്‍ മന്ത്രിമാരുടെ പെഴ്‌സനല്‍ സെക്രട്ടറിമാരെപ്പോലെയും പെരുമാറുന്ന ഒരു പ്രത്യേകതരം യുഫോറിയ പിടിപെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി മുസ്‌ലിം ലീഗ്. പൊടുന്നനെ പൊട്ടിവീണ ഐസ്‌ക്രീം ബോംബും തുടര്‍ന്നുയര്‍ന്നുവന്ന തമ്മിലടിയും കാര്യങ്ങളുടെ ഗതിമാറ്റി. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ ക്ഷേമ നടപടികള്‍ മുന്നില്‍വെച്ച് ഇടതുപക്ഷം ഒരു കാമ്പയിന് ഇറങ്ങുമ്പോള്‍ ലീഗ് ഒന്നുകൂടി വിയര്‍ക്കേണ്ടി വരും.  
പിന്‍കുറി: ലീഗിന്റെ തുടക്ക കാലത്താണ് കെ.എം. സീതി സാഹിബും സംഘവും കൊച്ചി കേന്ദ്രീകരിച്ച് ഹീലത്തുര്‍രിബാ ബാങ്ക് എന്നൊരു സംരംഭം തുടങ്ങിയത്. പേരുതന്നെ കാണിക്കുന്നതുപോലെ പലിശമുക്തമായ ബാങ്കിങ് ആയിരുന്നില്ല, കുതന്ത്രങ്ങളിലൂടെ പലിശാധിഷ്ഠിത ബാങ്ക് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, ഇസ്‌ലാമിക ന്യായശാസ്ത്രത്തിന്റെ പക്ഷത്തു നിന്ന് അതിനെ നഖശിഖാന്തം എതിര്‍ത്ത് തോല്‍പിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. കേരളത്തില്‍ ഔദ്യോഗികമായി ഒരു പലിശരഹിത സാമ്പത്തിക സംരംഭം തുടങ്ങാനിരിക്കെ, ഈ ചരിത്രം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൗതുകകരമായ ഒന്നായിരിക്കും.

2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദിശാബോധം നിറഞ്ഞ ബജറ്റ് ഡോ. കെ.എന്‍. ഹരിലാല്‍ (സംസ്ഥാന ആസൂത്രണബോര്‍ഡംഗം)

സംസ്ഥാന ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികാവലോകനം പുറത്തുകൊണ്ടുവന്ന കണക്കുകള്‍ ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടന വികസനത്തിന്റെയും വളര്‍ച്ചയുടെയും കൂടുതല്‍ ഉയര്‍ന്ന പന്ഥാവിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന വസ്തുത കൂടുതല്‍ വ്യക്തമാക്കുന്ന കണക്കുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളം തുടര്‍ച്ചയായി ഉയര്‍ന്ന വളര്‍ച്ചനിരക്കുകള്‍ നിലനിര്‍ത്തുകയാണ്. സമീപകാലത്തായി സംസ്ഥാനത്തിന്റെ വളര്‍ച്ചനിരക്കുകള്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ മെച്ചമായിരിക്കുന്നു. സേവനമേഖലയില്‍ ഒതുങ്ങിനിന്നിരുന്ന ഉയര്‍ന്ന വളര്‍ച്ച സമീപവര്‍ഷങ്ങളില്‍ വ്യവസായമേഖലയിലേക്കും പകര്‍ന്നിരിക്കുന്നു. കാര്‍ഷികമേഖലയിലെ പിന്നോട്ടടി തുടരുകയാണെങ്കിലും വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ അവിടെയും ദൃശ്യമാണ്. ഉയര്‍ന്ന വളര്‍ച്ച നിരക്കുകള്‍ക്കൊപ്പം മാനവവികസന സൂചകങ്ങളുടെ കാര്യത്തില്‍ മുന്‍കാലത്ത് കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ മെച്ചപ്പെടുത്താനും സാധിച്ചിരിക്കുന്നു എന്ന കാര്യവും സാമ്പത്തിക അവലോകനം അടിവരയിടുന്നു. സമ്പദ്ഘടനയിലെ ഈ ഉത്കര്‍ഷം സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനത്തിന്റെ വര്‍ധനയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന  സന്തോഷവാര്‍ത്തയും കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്ഘടനയില്‍ പൊതുവിലും സര്‍ക്കാറിന്റെ വരുമാനത്തില്‍ വിശേഷിച്ചും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉത്കര്‍ഷത്തെ ആഘോഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം, ഉയര്‍ന്ന വളര്‍ച്ച നിരക്കുകളുടെയും വരുമാനത്തിന്റെയും അന്തരീക്ഷം സര്‍ക്കാറിന്റെയും ധനമന്ത്രിയുടെയും ഉത്തരവാദിത്തങ്ങള്‍ പലമടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു എന്ന തിരിച്ചറിവും ബജറ്റ് പ്രസംഗത്തില്‍ ഉടനീളം കാണാം. മെച്ചപ്പെട്ട വളര്‍ച്ച നിരക്കുകള്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നതോടൊപ്പം പരിഹൃതമാകാതെ ശേഷിക്കുന്ന പഴയ വികസന  പ്രശ്‌നങ്ങള്‍ക്കും ഉയര്‍ന്ന വളര്‍ച്ച സൃഷ്ടിക്കുന്ന പുതിയ വികസന സമസ്യകള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന് വ്യക്തമായ കാഴ്ചപ്പാടും കര്‍മപരിപാടിയും ആവശ്യമാണ്. ദിശാബോധത്തിന്റെ പൂത്തിരി കത്തിക്കുന്ന അത്തരമൊരു കര്‍മപദ്ധതി കൂടി അവതരിപ്പിക്കുന്നു എന്നതും പുതിയ ബജറ്റിന്റെ സവിശേഷതയാണ്.
പുതിയ ബജറ്റിന്റെ സവിശേഷതയെക്കുറിച്ച് പറയുന്നതിനോടൊപ്പം ഇടതുമുന്നണി സര്‍ക്കാറിന്റെ ധനകാര്യ-ആസൂത്രണനയങ്ങളിലെ തുടര്‍ച്ചയെക്കുറിച്ചും മുന്‍സര്‍ക്കാറിന്റെ സമീപനത്തില്‍ നിന്നുള്ള വ്യത്യാസത്തെക്കുറിച്ചും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ വികസന-ക്ഷേമ ചെലവുകള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാറിനെത്തന്നെ ചെറുതാക്കണം എന്ന നവഉദാരവത്കരണ സമീപനത്തെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഈ സര്‍ക്കാറിന്റെ തുടക്കം.
നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിച്ചും ആരോഗ്യകരമായ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കടമെടുത്തും സര്‍ക്കാറിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരമാവധി വര്‍ധിപ്പിക്കണം എന്ന ഇടതുനയമാണ് ധനമന്ത്രി ആദ്യത്തെ അഞ്ച് ബജറ്റിലും ഉയര്‍ത്തിപ്പിടിച്ചത്. ആറാമത്തെ ബജറ്റിലും ഇതേ ധനനയം തന്നെയാണ് അദ്ദേഹം സ്വീകരിക്കുന്നത്. ധനകാര്യ ഉത്തരവാദിത്ത ബില്ലിന്റെ പരിമിതികളെ അതിജീവിക്കാന്‍ സര്‍ക്കാറിനെ പ്രാപ്തമാക്കിയത് വാസ്തവത്തില്‍ ഈ നയം മാറ്റമാണ്. പുതിയ വികസന-ധനകാര്യ നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി വിവിധ ജീവിതതുറകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളുടെയും അതുണ്ടാക്കിയ വിശ്വാസ്യതയുടെയും പശ്ചാത്തലത്തില്‍ വേണം പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങളെ നോക്കിക്കാണാന്‍.
ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ പല അപ്രിയ യാഥാര്‍ഥ്യങ്ങളും മറച്ചുവെക്കാറുണ്ട്. ഉയര്‍ന്ന വളര്‍ച്ച ഉയര്‍ന്ന ജീവിതഗുണമേന്മ ഉറപ്പാക്കുമെന്നോ അസമത്വം ഇല്ലാതാക്കുമെന്നോ പറയാനാവില്ല. ഇക്കാര്യം കേരളത്തെ സംബന്ധിച്ചും ഏറക്കുറെ ശരിയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയരുന്നതിനനുസരിച്ച് അസമത്വവും വളരുന്നുണ്ട് എന്ന തിരിച്ചറിവാണ് കൃഷി-അനുബന്ധമേഖലകള്‍, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങള്‍, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകള്‍ക്കും ക്ഷേമപെന്‍ഷനുകള്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, കുടിവെള്ളം, ഭവന നിര്‍മാണം തുടങ്ങിയ പരിപാടികള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഈ മേഖലകളില്‍ അതിന്റെ സദ്ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കേരളത്തെ സമഗ്ര സാമൂഹിക സുരക്ഷയുടെ മാതൃകാ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ തുടര്‍ച്ച പുതിയ ബജറ്റിലും കാണാം. എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചിരിക്കുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രതിഫലം ഗണ്യമായി ഉയര്‍ത്തിയിരിക്കുന്നു. ഇതുവരെ ക്ഷേമനിധി ഏര്‍പ്പെടുത്താത്ത തൊഴില്‍ മേഖലകളില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ഒന്നര ലക്ഷത്തിലധികം ചെറുപ്പക്കാര്‍ പണിയെടുക്കുന്ന അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഈ മേഖലയിലെ അധ്യാപക -അനധ്യാപക ജീവനക്കാര്‍ക്ക് ഇപ്പോള്‍ പെന്‍ഷനടക്കം ഒരാനുകൂല്യവും ലഭ്യമല്ല. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേമനിധി സംവിധാനത്തിനുള്ള എല്ലാ സാധ്യതയും ഈ മേഖലക്കാണ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അംഗത്വം നല്‍കാനുമുള്ള നീക്കവും ഇതോടൊപ്പം കാണേണ്ടതാണ്.
ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിലക്കയറ്റമാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം വിലനിയന്ത്രണം എടുത്തുകളഞ്ഞതും ഭക്ഷ്യവിലക്കയറ്റവും കേരളത്തെയും ബാധിക്കുന്നുണ്ട്. വിലനിയന്ത്രണത്തില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവെക്കുന്ന റേഷന്‍ സംവിധാനം, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്ന സമഗ്രപരിപാടി ഒരു പുതിയ കാല്‍വെപ്പാണ്. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി അധികമായി രണ്ട് രൂപക്ക് അരി നല്‍കുന്ന പരിപാടി കൂടി ചേരുമ്പോള്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിയും. സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസ്യതയെ ഉയര്‍ത്തി നിര്‍ത്തുന്ന ഒരു ഘടകം  വൈദ്യുതി,വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വലിയ വിജയമാണ്. നിരക്ക് വര്‍ധനയും പവര്‍ക്കട്ടും ഇല്ലാതെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നമ്മുടെ വൈദ്യുത മേഖല കടന്നുപോയത്. എന്നാല്‍, പ്രസരണ നഷ്ടം കുറക്കുന്നതിലും സ്ഥാപിതശേഷി വര്‍ധിപ്പിക്കുന്നതിലും അഭിമാനകരമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ നേട്ടം ഇതിനോടകം ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.
ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പദ്ധതി അടങ്കലിലും പദ്ധതി ചെലവിലും വലിയ വര്‍ധനയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തുണ്ടായത്. പദ്ധതി-പദ്ധതിയേതര പണം വകയിരുത്തുന്നതില്‍ ഇതേ സമീപനമാണ് പുതിയ ബജറ്റിലും കാണാന്‍ കഴിയുന്നത്.
ദാരിദ്ര്യത്തിന്റെ വിതരണമല്ല മറിച്ച് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉല്‍പാദനത്തിന്റെ ന്യായമായ പുനര്‍വിതരണമാണ് ഉണ്ടാവേണ്ടതെന്ന് പല വിദഗ്ധന്മാരും അഭിപ്രായപ്പെടാറുണ്ട്. ഉല്‍പാദനവളര്‍ച്ച പൊതുവിലും വ്യാവസായിക ഉല്‍പാദനവളര്‍ച്ച വിശേഷിച്ചും സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇത്തരമൊരു മാറ്റം സംഭവിക്കുന്നുണ്ടെന്നാണ്. എന്നാല്‍, നിക്ഷേപത്തിലും ഉല്‍പാദനത്തിലുമുള്ള ഈ വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ നമ്മുടെ റോഡുകളുടെയും പശ്ചാത്തലസൗകര്യങ്ങളുടെയും കാര്യത്തില്‍ വലിയ വികസനം ആവശ്യമാണ്.  ഇതുമായി ബന്ധപ്പെട്ട പുനരധിവാസം അടക്കമുള്ള ചെലവുകള്‍ക്ക് വന്‍തോതില്‍ വിഭവം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 40,000 കോടിയുടെ പാക്കേജ് ഈ ബജറ്റിന്റെ പ്രത്യേകതയാണ്.
സംസ്ഥാനസര്‍ക്കാറിന്റെ ധനകാര്യ പരിമിതിയെ അതിജീവിക്കാന്‍ ഇസ്‌ലാമികബാങ്കിങ്ങിന്റെയും ഇതര ധനകാര്യസ്ഥാപനങ്ങളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഇവിടെ ശ്രമം.
ബജറ്റിലെ വൈവിധ്യമാര്‍ന്ന പ്രഖ്യാപനങ്ങള്‍  എത്രമാത്രം പ്രായോഗികമാണ് എന്ന സംശയം ന്യായമാണ്. അതിനുള്ള ഉത്തരം കേരളത്തിന്റെ ധനകാര്യഭരണത്തില്‍ സമീപകാലത്തുണ്ടായ വലിയ മാറ്റം തന്നെയാണ്. നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രകടനമാണ് സാധ്യമായത്. ട്രഷറി അടച്ചിടാതെയും ഓവര്‍ഡ്രാഫ്റ്റില്ലാതെയും പെന്‍ഷനുകളും ക്ഷാമബത്തയും കരാര്‍ബില്ലുകളും കുടിശ്ശികയാക്കാതെയും ധനകാര്യരംഗത്തെ സമൃദ്ധിയിലേക്ക് നയിച്ച ധനമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാതിരിക്കാന്‍ ഒരു ന്യായവും കാണുന്നില്ല